നിത്യചൈതന്യയതി

ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബർ 2, 1923 - മേയ് 14, 1999). ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ രണ്ടാം പിൻഗാമിയായി കണക്കാക്കപ്പെടുന്നു(ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.