അഷിത


മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു അഷിത (5 ഏപ്രിൽ 1956 - 27 മാർച്ച് 2019). ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ അവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജന പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. 1956 ഏപ്രിൽ 5-ന് തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത, 63-ആം പിറന്നാളിന് ഒരാഴ്ച ബാക്കിനിൽക്കേ 2019 മാർച്ച് 27-ന് പുലർച്ചെ ഒരു മണിയ്ക്ക് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വച്ച് അന്തരിച്ചു.