വി കെ എന്‍

വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ. (ഏപ്രിൽ 7 1929 - ജനുവരി 25, 2004) സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു. ഹാസ്യ രചനകൾക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് അക്ഷരസഞ്ചാരം നടത്തിയത്. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എൻ. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാളസാഹിത്യത്തിൽ അനശ്വരനാക്കിയത്. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികൾ വി. കെ. എന്നിന്റേതായുണ്ട്. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് വിവർത്തനത്തിന് വഴങ്ങാത്ത അത്യപൂർവ്വ ശൈലിയിലായിരുന്നു വികെഎൻ കഥകൾ പറഞ്ഞിരുന്നത്. അൽപം ബുദ്ധികൂടിയ നർമ്മമായതിനാൽ വികെഎൻ കഥകൾ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.
1. ലേഖനം
2. ചിത്രങ്ങള്‍
3. വീഡിയോകള്‍