തകഴി ശിവശങ്കരപ്പിള്ള


നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്